തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐസിയുവിൽ ചികിത്സയിലായിരുന്ന തന്ത്രി കണ്ഠരര് രാജീവരെ ആരോഗ്യനില തൃപ്തികരമായതിനെത്തുടർന്ന് വീണ്ടും ജയിലിലേക്ക് മാറ്റി. വിദഗ്ധ പരിശോധനയിൽ ആശങ്കപ്പെടാനില്ലെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചതോടെ ഇന്ന് ഉച്ചയോടെയാണ് അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തത്. തുടർന്ന് പോലീസ് കാവലിൽ അദ്ദേഹത്തെ പൂജപ്പുര സ്പെഷ്യൽ സബ് ജയിലിലേക്ക് തിരികെ കൊണ്ടുപോയി.
ഇന്നലെ രാവിലെ ജയിലിൽ വെച്ച് തലകറക്കവും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെത്തുടർന്നാണ് തന്ത്രിയെ ആദ്യം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അവിടെ നടത്തിയ പരിശോധനകളിൽ ഹൃദയസംബന്ധമായ ചില വ്യതിയാനങ്ങൾ കണ്ടതിനെത്തുടർന്ന് കൂടുതൽ നിരീക്ഷണത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. കാർഡിയോളജി വിഭാഗം മേധാവിയുടെ നേതൃത്വത്തിൽ നടന്ന പരിശോധനകൾക്ക് ശേഷമാണ് തന്ത്രിയുടെ ആരോഗ്യനില സാധാരണ നിലയിലാണെന്ന് ഉറപ്പുവരുത്തിയത്.
ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളിയിലെ സ്വർണ്ണം കടത്തിയതുമായി ബന്ധപ്പെട്ട കേസിൽ ജനുവരി ഒൻപതിനാണ് പ്രത്യേക അന്വേഷണ സംഘം തന്ത്രിയെ അറസ്റ്റ് ചെയ്തത്. കേസിലെ പതിമൂന്നാം പ്രതിയായ അദ്ദേഹം സ്വർണ്ണം കടത്താൻ ഒത്താശ ചെയ്തെന്നും ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്നുമാണ് പോലീസ് കണ്ടെത്തൽ. ക്രിമിനൽ ഗൂഢാലോചന, വിശ്വാസവഞ്ചന, പൊതുസ്വത്ത് ദുരുപയോഗം തുടങ്ങിയ അതീവ ഗുരുതരമായ വകുപ്പുകളാണ് തന്ത്രിക്കെതിരെ ചുമത്തിയിരിക്കുന്നത്.



