ഹൈദരാബാദിലെ മീർപേട്ട് പോലീസ് സ്റ്റേഷൻ പരിധിയിൽ കുടുംബവഴക്കിനെത്തുടർന്ന് പത്ത് മാസം പ്രായമായ കുഞ്ഞിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ ശേഷം യുവതി ആത്മഹത്യ ചെയ്തു. 27 കാരിയായ സുഷമയും മകൻ യശ്‌വർധൻ റെഡ്ഡിയുമാണ് മരിച്ചത്. മകളും ചെറുമകനും മരിച്ചതറിഞ്ഞ ആഘാതത്തിൽ സുഷമയുടെ അമ്മ ലളിതയും ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇവരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചാർട്ടേഡ് അക്കൗണ്ടന്റായ യശ്വന്ത് റെഡ്ഡിയാണ് സുഷമയുടെ ഭർത്താവ്. നാല് വർഷം മുൻപ് വിവാഹിതരായ ഇവർ തമ്മിൽ നിരന്തരം വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പോലീസിനോട് പറഞ്ഞു. കഴിഞ്ഞ ദിവസവും ദമ്പതികൾ തമ്മിൽ കടുത്ത തർക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെ ഷോപ്പിംഗിന് പോകുകയാണെന്ന് പറഞ്ഞ് കുഞ്ഞുമായി സുഷമ സ്വന്തം വീട്ടിലെത്തുകയായിരുന്നു. രാത്രി വീട്ടിലെ മുറിയിൽ കയറി വാതിലടച്ച ശേഷം കുഞ്ഞിന് വിഷം നൽകി സുഷമയും ജീവനൊടുക്കി.
രാത്രി ഏറെ വൈകിയിട്ടും ഭാര്യയെയും കുഞ്ഞിനെയും കാണാത്തതിനെത്തുടർന്ന് യശ്വന്ത് സുഷമയുടെ വീട്ടിലെത്തുകയായിരുന്നു. മുറി അകത്തുനിന്ന് പൂട്ടിയ നിലയിൽ കണ്ടതിനെത്തുടർന്ന് വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



