ശബരിമല മകരവിളക്കിനോടനുബന്ധിച്ച എരുമേലി ചന്ദനക്കുടം ഇന്ന് നടക്കും. ഇതിന്റെ ഭാഗമായി വൈകിട്ട് മൂന്ന് മണിക്ക് അമ്പലപ്പുഴ സംഘവും എരുമേലി മഹല്ലാ ജമാഅത്തുമായുള്ള സൗഹൃദ സംഗമം നടക്കും. ഈ മാസം 11-ന് പുലര്‍ച്ചെ പള്ളി വളപ്പിൽ ചന്ദനക്കുട ഘോഷയാത്ര സമാപിക്കും. തൊട്ടുപിന്നാലെ 11-ന് തന്നെ അമ്പലപ്പുഴ, ആലങ്ങാട്ട് സംഘങ്ങളുടെ പ്രസിദ്ധമായ പേട്ടതുള്ളലും നടക്കും.
ശബരിമലയിൽ മകരവിളക്ക് ഉത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരികയാണ്. ഈ മാസം 14-ന് ഉച്ചകഴിഞ്ഞ് 2:45-ന് നട തുറന്ന ശേഷം മൂന്ന് മണിക്ക് മകരസംക്രമ പൂജ നടക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനര്, മേൽശാന്തി ഇഡി പ്രസാദ് നമ്പൂതിരി എന്നിവർ പൂജകൾക്ക് മുഖ്യ കാർമികത്വം വഹിക്കും. വൈകിട്ട് 6:40-ന് തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന നടക്കുമ്പോൾ പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയും.
മകരവിളക്ക് ദർശനത്തിനായി സന്നിധാനത്തെ 15 വ്യൂ പോയിന്റുകളിൽ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ തീർത്ഥാടകർ എത്തുന്ന പാണ്ടിത്താവളം മേഖലയിൽ ബാരിക്കേഡുകൾ സ്ഥാപിക്കും. ആരോഗ്യവകുപ്പിന്റെ മെഡിക്കൽ ടീമും പോലീസും എല്ലാ പോയിന്റുകളിലും കർമ്മനിരതരായിരിക്കും. മുൻപത്തെ അപകടങ്ങളുടെ പശ്ചാത്തലത്തിൽ പമ്പ ഹിൽടോപ്പിൽ ഉൾപ്പെടെ കർശന സുരക്ഷാ പരിശോധനകൾ ഉറപ്പാക്കിയിട്ടുണ്ട്.



