ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരും മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘം (SIT) വിശദമായ അന്വേഷണം ആരംഭിച്ചു. സ്വർണ്ണക്കൊള്ളയിലൂടെ തന്ത്രിക്ക് സാമ്പത്തിക ലാഭം ലഭിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താനായി ഇരുവരുടെയും ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിക്കും. ഇതിന്റെ ഭാഗമായി തന്ത്രിയുടെ ചെങ്ങന്നൂരിലെ വീട്ടിൽ പരിശോധന നടത്താനും കൂടുതൽ ചോദ്യം ചെയ്യുന്നതിനായി തന്ത്രിയെ വിട്ടു കിട്ടാൻ കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകാനും അന്വേഷണ സംഘം തീരുമാനിച്ചു.
കൊല്ലം വിജിലൻസ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത തന്ത്രിയെ കഴിഞ്ഞ രാത്രിയോടെ തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം രാവിലെ കസ്റ്റഡിയിലെടുത്ത തന്ത്രിയെ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് ചെയ്തത്. വൈദ്യപരിശോധനയ്ക്ക് ശേഷം കൊട്ടാരക്കരയിലെ വിജിലൻസ് കോടതി ജഡ്ജി ഡോ. സി.എസ്. മോഹിതിന് മുൻപാകെ ഹാജരാക്കിയ തന്ത്രിയെ കോടതി റിമാൻഡ് ചെയ്യുകയായിരുന്നു. നിലവിൽ തന്ത്രി കൊല്ലം വിജിലൻസ് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
താൻ നിരപരാധിയാണെന്നും തന്നെ ഈ കേസിൽ ചതിച്ച് കുടുക്കിയതാണെന്നുമാണ് ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി തന്ത്രി പ്രതികരിച്ചത്. എന്നാൽ, സ്വർണ്ണക്കൊള്ളയുടെ ഗൂഢാലോചനയിൽ തന്ത്രിക്ക് സജീവ പങ്കുണ്ടെന്നാണ് എസ്‌ഐടിയുടെ റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. തന്ത്രിക്ക് സമൂഹത്തിലുള്ള ആത്മീയ പരിവേഷവും സ്വാധീനവും ഉപയോഗിച്ച് തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുള്ളതിനാൽ ജാമ്യം അനുവദിക്കരുതെന്ന് അന്വേഷണ സംഘം കോടതിയിൽ വാദിച്ചു.



