അയോധ്യയിലെ രാമക്ഷേത്രത്തിന് ചുറ്റുമുള്ള 15 കിലോമീറ്റർ പരിധിയിൽ മാംസാഹാര വിതരണം പൂർണ്ണമായും നിരോധിച്ച് ഭരണകൂടം ഉത്തരവിട്ടു. പഞ്ചകോശി പരിക്രമ പാതയുൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമുകൾ വഴി മാംസാഹാരം വിതരണം ചെയ്യുന്നതിനെതിരെ വ്യാപക പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് നടപടി. കൂടാതെ, അയോധ്യയിലെ ചില ഹോട്ടലുകളിലും ഹോംസ്റ്റേകളിലും അതിഥികൾക്കായി മാംസാഹാരവും മദ്യവും വിളമ്പുന്നുണ്ടെന്ന റിപ്പോർട്ടുകളും ഈ തീരുമാനത്തിന് പിന്നിലുണ്ട്. ഇത്തരം പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ ബന്ധപ്പെട്ടവർക്ക് അധികൃതർ കർശന മുന്നറിയിപ്പ് നൽകി.
രാംപാത്ത് ഉൾപ്പെടെയുള്ള മേഖലകളിൽ മാംസത്തിന്റെയും മദ്യത്തിന്റെയും വിൽപ്പന നിരോധിക്കാൻ മുൻപ് തന്നെ തീരുമാനമെടുത്തിരുന്നുവെങ്കിലും മദ്യവിൽപ്പന ഇപ്പോഴും തുടരുന്നതായി നാട്ടുകാർ ആരോപിക്കുന്നു. മാംസക്കടകൾ നഗരസഭാ അധികൃതർ നീക്കം ചെയ്തിട്ടുണ്ടെങ്കിലും മദ്യശാലകൾക്കെതിരെ നടപടിയെടുക്കാൻ ജില്ലാ ഭരണകൂടത്തിന്റെ അനുമതി ആവശ്യമാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി വിനോദസഞ്ചാരികൾക്ക് മാംസാഹാരം എത്തുന്നത് തടയാൻ ഡെലിവറി കമ്പനികൾക്കും ഹോട്ടലുടമകൾക്കും പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്.



