D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
നേരറിയാൻ ഇഡി! ശബരിമല സ്വർണക്കൊള്ളയിൽ കേസെടുക്കാൻ ഇഡിയ്ക്ക് നിർദ്ദേശം നൽകി കേന്ദ്രം
കേസിലെ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതാവും ഇഡിയുടെ ആദ്യ ഘട്ടം....

ശബരിമല സ്വർണക്കൊള്ള കേസിലെ കള്ളപ്പണ ഇടപാടുകൾ അന്വേഷിക്കുന്നതിനായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടപടികൾ ആരംഭിച്ചു. കേസ് രജിസ്റ്റർ ചെയ്യാൻ കൊച്ചി യൂണിറ്റിന് കേന്ദ്ര സർക്കാർ അനുമതി നൽകിയതോടെ വരും ദിവസങ്ങളിൽ അന്വേഷണം ഊർജിതമാകും. കൊച്ചി അഡീഷണൽ ഡയറക്ടർ രാകേഷ് കുമാർ അന്വേഷണ ഉദ്യോഗസ്ഥനെ നിശ്ചയിച്ചാലുടൻ നടപടിക്രമങ്ങൾ തുടങ്ങും. കേസിലെ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതാവും ഇഡിയുടെ ആദ്യ ഘട്ടം.

ഒക്ടോബറിൽ തന്നെ കേസുമായി ബന്ധപ്പെട്ട പ്രാഥമിക വിവരശേഖരണം ഇഡി നടത്തിയിരുന്നു. കള്ളപ്പണ ഇടപാടുകൾ നടന്നതായി സൂചന ലഭിച്ചതിനെ തുടർന്ന് രേഖകൾ ആവശ്യപ്പെട്ട് ഇഡി കൊല്ലം വിജിലൻസ് കോടതിയെ സമീപിച്ചു. അന്വേഷണസംഘത്തിന്റെ എതിർപ്പ് തള്ളിക്കൊണ്ട് ഡിസംബർ 19-ന് കോടതി രേഖകൾ ഇഡിക്ക് കൈമാറാൻ ഉത്തരവിടുകയായിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം (PMLA) കേസെടുക്കാനാണ് ഇപ്പോൾ നിർദ്ദേശം ലഭിച്ചിരിക്കുന്നത്.

പ്രധാന പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റി, ചെന്നൈ സ്മാർട്ട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരി, ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധൻ എന്നിവരുടെ സാമ്പത്തിക സ്രോതസ്സുകൾ ഇഡി സൂക്ഷ്മമായി പരിശോധിക്കും. കൂടാതെ, മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മുൻ ദേവസ്വം പ്രസിഡന്റുമാരായ എ. പത്മകുമാർ, എൻ. വാസു, പി.എസ്. പ്രശാന്ത് എന്നിവരടക്കമുള്ള രാഷ്ട്രീയ-ഉദ്യോഗസ്ഥ പ്രമുഖരെയും ചോദ്യം ചെയ്യാനാണ് ഇഡിയുടെ നീക്കം. നേരത്തെ പ്രത്യേക അന്വേഷണ സംഘം ശേഖരിച്ച തെളിവുകളും മൊഴികളും ഇഡി പുനഃപരിശോധിക്കും.

Leave a Reply

Your email address will not be published. Required fields are marked *