വെനസ്വേലയിലെ ഇടക്കാല ഭരണകൂടത്തിന് കടുത്ത നിബന്ധനകളുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ചൈന, റഷ്യ, ഇറാൻ, ക്യൂബ എന്നീ രാജ്യങ്ങളുമായുള്ള എല്ലാ സാമ്പത്തിക ബന്ധങ്ങളും വെനസ്വേല വിച്ഛേദിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടതായി എബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഈ രാജ്യങ്ങളെ പുറത്താക്കിയാൽ മാത്രമേ വെനസ്വേലയെ എണ്ണ ഉത്പാദനം തുടരാൻ അനുവദിക്കൂ എന്നാണ് ട്രംപിന്റെ നിലപാട്. എണ്ണ ഉത്പാദനത്തിൽ അമേരിക്കയുമായി മാത്രം സഹകരിക്കണമെന്നും അസംസ്‌കൃത എണ്ണ വിൽക്കുമ്പോൾ യുഎസിന് മുൻഗണന നൽകണമെന്നും ട്രംപ് ഭരണകൂടം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞയാഴ്ച അമേരിക്ക നടത്തിയ സൈനിക നീക്കങ്ങൾക്ക് പിന്നാലെ വെനസ്വേലയിൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരുകയാണ്. പ്രസിഡന്റ് നിക്കോളാസ് മഡുറോയെ തടവിലാക്കി നാടുകടത്തിയതിനെ തുടർന്ന് ഡെൽസി റോഡ്രിഗസ് ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റെങ്കിലും, വെനസ്വേലയുടെ നിയന്ത്രണം തനിക്കാണെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. വെനസ്വേലയുടെ എണ്ണ വ്യാപാരത്തിൽ ചൈനയ്ക്കുള്ള വലിയ സ്വാധീനം ഇല്ലാതാക്കുകയാണ് അമേരിക്കയുടെ പ്രധാന ലക്ഷ്യം. ചൈന നിലവിൽ വെനസ്വേലയിൽ നിന്ന് വൻതോതിൽ എണ്ണ വാങ്ങുന്ന രാജ്യമാണ്.
നിലവിൽ വെനസ്വേലയിലെ എണ്ണ ടാങ്കറുകൾ നിറഞ്ഞിരിക്കുന്ന സാഹചര്യം മുതലെടുത്ത് ആ രാജ്യത്തിന് മേൽ സമ്മർദ്ദം ചെലുത്താൻ അമേരിക്കയ്ക്ക് സാധിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. എണ്ണ വിപണിയിലെ ഈ പ്രതിസന്ധി വെനസ്വേലയെ അമേരിക്കയുടെ നിബന്ധനകൾ അംഗീകരിക്കാൻ പ്രേരിപ്പിക്കുമെന്നാണ് യുഎസ് കണക്കുകൂട്ടുന്നത്. വെനസ്വേലയുടെ വിദേശനയത്തിലും സാമ്പത്തിക ഇടപാടുകളിലും പൂർണ്ണമായ മാറ്റമാണ് ട്രംപ് ഭരണകൂടം ലക്ഷ്യമിടുന്നത്.



