ശബരിമലയിൽ ആടിയ ശിഷ്ടം നെയ്യ് വിതരണത്തിൽ 16 ലക്ഷം രൂപയുടെ വൻ ക്രമക്കേട് നടന്നതായി റിപ്പോർട്ട്. വിൽപനയ്ക്കായി കൗണ്ടറുകളിൽ എത്തിച്ച നെയ്യിന്റെ പാക്കറ്റുകളിൽ 16,000 എണ്ണത്തിന്റെ കുറവാണ് കണ്ടെത്തിയത്. സംഭവത്തിൽ ദേവസ്വം വിജിലൻസ് അന്വേഷണം ആരംഭിച്ചു.
ഈ മണ്ഡലകാലത്ത് വിൽപനയ്ക്ക് എത്തിച്ച നെയ്യിന്റെ കണക്കും ബാങ്ക് അക്കൗണ്ടിൽ എത്തിയ തുകയും തമ്മിലുള്ള വലിയ വ്യത്യാസമാണ് തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. നെയ്യഭിഷേകം നടത്താൻ കഴിയാത്ത തീർത്ഥാടകർക്കായി 100 മില്ലി ലിറ്ററിന്റെ പാക്കറ്റുകളിലായാണ് ആടിയ ശിഷ്ടം നെയ്യ് വിൽക്കുന്നത്. ഒരു പാക്കറ്റിന് 100 രൂപയാണ് വില.
ടെമ്പിൾ സ്പെഷ്യൽ ഓഫീസർ ഏറ്റുവാങ്ങി കൗണ്ടറുകളിൽ വിതരണത്തിന് നൽകിയ പാക്കറ്റുകൾക്ക് ആനുപാതികമായ തുക ദേവസ്വം അക്കൗണ്ടിൽ അടച്ചിട്ടില്ലെന്ന് വിജിലൻസ് പരിശോധനയിൽ വ്യക്തമായി. ഇതിന് പിന്നിൽ ഉദ്യോഗസ്ഥരുടെ അറിവോടെയുള്ള ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന കാര്യമാണ് ഇപ്പോൾ അന്വേഷിക്കുന്നത്.



