സാമ്പത്തിക അഭിവൃദ്ധിക്കും സാമ്പത്തിക പ്രതിസന്ധികൾ മറികടക്കുന്നതിനുമായി എട്ടുമാസം പ്രായമുള്ള ആൺകുട്ടിയെ ബലിനൽകാൻ ശ്രമിച്ച ദമ്പതികൾ ബംഗളൂരുവിൽ പിടിയിലായി. ഹോസ്കോട്ടെ സൂളിബെലെ ഗ്രാമത്തിലെ സെയ്യിദ് ഇമ്രാനും ഭാര്യയുമാണ് അറസ്റ്റിലായത്. എട്ടുമാസം മുൻപ് ഒരു കുടിയേറ്റ തൊഴിലാളിയിൽ നിന്ന് പണം കൊടുത്തു വാങ്ങിയ കുഞ്ഞിനെയാണ് ഇവർ ക്രൂരമായ അന്ധവിശ്വാസത്തിന് ഇരയാക്കാൻ ശ്രമിച്ചത്. കുഞ്ഞിന് വേണ്ടി ഇവർ വ്യാജ ജനന സർട്ടിഫിക്കറ്റും നിർമ്മിച്ചിരുന്നു.
പൗർണമി നാളായ ഇന്നലെ രാത്രി കുഞ്ഞിനെ ബലി നൽകിയ ശേഷം വീടിനുള്ളിൽ തന്നെ കുഴിച്ചുമൂടാനായിരുന്നു ദമ്പതികളുടെ പദ്ധതി. ഇതിനായി വീടിനുള്ളിലെ കോൺക്രീറ്റ് തറ പൊളിച്ച് കുഴിയെടുക്കുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസികളാണ് ശിശു സംരക്ഷണ സമിതിയെ വിവരം അറിയിച്ചത്. ഉദ്യോഗസ്ഥർ സ്ഥലത്തെത്തുമ്പോൾ ബലി നൽകാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായ നിലയിലായിരുന്നു. ഉദ്യോഗസ്ഥരുടെ കൃത്യസമയത്തുള്ള ഇടപെടൽ മൂലമാണ് കുഞ്ഞ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.
രക്ഷപ്പെടുത്തിയ കുഞ്ഞിനെ ശിശു സംരക്ഷണ സമിതി കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. കുഞ്ഞിന്റെ യഥാർത്ഥ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമം പോലീസ് ഊർജ്ജിതമാക്കി. അന്ധവിശ്വാസത്തിന്റെ പേരിൽ സ്വന്തം വീടിനുള്ളിൽ ഒരു കുരുന്നു ജീവൻ ഇല്ലാതാക്കാൻ ശ്രമിച്ച ഈ സംഭവം നാടിനെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്.



