ഹിമാചൽ പ്രദേശിലെ ധർമ്മശാലയിലുള്ള സർക്കാർ കോളേജിൽ ക്രൂരമായ റാഗിങ്ങിനിരയായ പത്തൊമ്പതുകാരി ചികിത്സയിലിരിക്കെ മരണപ്പെട്ടു. ലുധിയാനയിലെ ദയാനന്ദ് മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിൽ ഡിസംബർ 26-നാണ് ധർമ്മശാല സിദ്ബാരി സ്വദേശിയായ വിദ്യാർത്ഥിനി മരിച്ചത്. സീനിയർ വിദ്യാർത്ഥിനികളായ ഹർഷിത, ആകൃതി, കൊമോളിക എന്നിവർ പെൺകുട്ടിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്നും കോളേജ് പ്രൊഫസറായ അശോക് കുമാർ അശ്ലീല പ്രവൃത്തികൾ ചെയ്ത് ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ച് മാതാപിതാക്കൾ പരാതി നൽകി. 2025 സെപ്റ്റംബർ 18-നാണ് ഈ ദാരുണമായ സംഭവങ്ങൾ അരങ്ങേറിയത്.
മർദ്ദനത്തെയും പീഡനത്തെയും തുടർന്ന് അവശയായ പെൺകുട്ടി ഹിമാചൽ പ്രദേശിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും ആരോഗ്യനില വഷളായതിനെത്തുടർന്നാണ് ലുധിയാനയിലേക്ക് മാറ്റിയത്. കുട്ടിയുടെ മരണശേഷം 2026 ജനുവരി 1-ന് പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മൂന്ന് വിദ്യാർത്ഥിനികൾക്കും പ്രൊഫസർക്കുമെതിരെ പോലീസ് കേസെടുത്തു. ലൈംഗിക പീഡനം, ക്രിമിനൽ ഭീഷണിപ്പെടുത്തൽ, റാഗിംഗ് നിരോധന നിയമം തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ചികിത്സയിലിരിക്കെ ഏഴോളം ആശുപത്രികളിൽ പെൺകുട്ടിയെ പ്രവേശിപ്പിച്ചിരുന്നതായി പോലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.



