തമിഴ്നാട്ടിലെ തിരുവള്ളൂർ സെങ്കത്ത് വീട്ടിൽ ഉറങ്ങിക്കിടന്ന ദമ്പതികളെ ചുട്ടുകൊന്ന നിലയിൽ കണ്ടെത്തി. സെങ്കം പക്കിരിപാളയം സ്വദേശികളായ ശക്തിവേലും ഭാര്യ അമൃതവുമാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച പുലർച്ചെയാണ് ദാരുണമായ ഈ സംഭവം നടന്നത്. കൃഷിക്കായി പാട്ടത്തിനെടുത്ത മൂന്നേക്കർ ഭൂമിയിലെ ഷെഡിലായിരുന്നു ഇവർ താമസിച്ചിരുന്നത്.
പുലർച്ചെ ഷെഡിന് തീപിടിക്കുന്നത് കണ്ട് നാട്ടുകാർ ഉടൻതന്നെ പോലീസിനെ വിവരമറിയിക്കുകയും തീ അണയ്ക്കാൻ ശ്രമിക്കുകയും ചെയ്തെങ്കിലും ഇരുവരെയും രക്ഷിക്കാനായില്ല.വീട് പുറത്തുനിന്ന് പൂട്ടിയ ശേഷം തീയിട്ടതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇതൊരു ആസൂത്രിതമായ കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ശക്തിവേലിന്റെ രണ്ടാം ഭാര്യയാണ് അമൃതം.
ശക്തിവേലിന്റെ ആദ്യ ഭാര്യയും മക്കളും ബെംഗളൂരുവിലാണ് താമസം. ഭർത്താവുമായി പിരിഞ്ഞു കഴിഞ്ഞിരുന്ന അമൃതം മാസങ്ങൾക്ക് മുൻപാണ് ശക്തിവേലിനൊപ്പം താമസം ആരംഭിച്ചത്. സംഭവത്തിൽ കേസെടുത്ത പോലീസ്, ദമ്പതികളുമായി ബന്ധമുള്ളവരെ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കി. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി തിരുവണ്ണാമല സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.



