ഡൽഹിയിൽ ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. രാജ്യത്തെ ജനാധിപത്യവും ഭരണഘടനയും വലിയ പ്രതിസന്ധി നേരിടുകയാണെന്നും കേന്ദ്രത്തിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധം ഉയരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
പാവപ്പെട്ടവരെ ബാധിക്കുന്ന രീതിയിൽ തൊഴിലുറപ്പ് പദ്ധതി നിർത്തലാക്കിയതും മുതലാളിമാർക്ക് വേണ്ടി സർക്കാർ തീരുമാനങ്ങൾ എടുക്കുന്നതും ഖർഗെ ചൂണ്ടിക്കാട്ടി. വി.ബി.ജി റാം ജി ബില്ലിലൂടെ കേന്ദ്രം രാഷ്ട്രപിതാവിനെ അപമാനിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് ഒരുങ്ങാൻ നേതാക്കൾക്ക് ഖർഗെ നിർദേശം നൽകി. കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേടിയ മികച്ച വിജയത്തിൽ അവിടുത്തെ നേതാക്കളെ അദ്ദേഹം അഭിനന്ദിച്ചു.
രാവിലെ 11 മണിയോടെ ഇന്ദിരാഭവനിൽ ആരംഭിച്ച യോഗത്തിൽ അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് ആദരമർപ്പിച്ച ശേഷമാണ് നടപടികൾ തുടങ്ങിയത്. കേരളത്തിൽ നിന്ന് കെ. സുധാകരൻ, ശശി തരൂർ, കൊടിക്കുന്നിൽ സുരേഷ് എന്നിവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.



