ശബരിമലയിലെ ഈ വർഷത്തെ മണ്ഡലപൂജ നാളെ നടക്കും. പൂജയോടനുബന്ധിച്ച് ഭക്തർക്ക് ദർശനത്തിന് കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. തങ്ക അങ്കി ഘോഷയാത്ര സന്നിധാനത്ത് എത്തുന്ന ഇന്ന് (ഡിസംബർ 26) 30,000 പേർക്കും, മണ്ഡലപൂജ നടക്കുന്ന നാളെ (ഡിസംബർ 27) 35,000 പേർക്കും മാത്രമാണ് വെർച്വൽ ക്യൂ വഴി ദർശനാനുമതി ഉള്ളത്.
സ്പോട്ട് ബുക്കിംഗ് സൗകര്യം ഇന്നും നാളെയും 2000 പേർക്കായി ചുരുക്കി. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഇന്ന് രാവിലെ 9 മണിക്ക് ശേഷം നിലയ്ക്കലിൽ നിന്നും 10 മണിക്ക് ശേഷം പമ്പയിൽ നിന്നും തീർത്ഥാടകരെ സന്നിധാനത്തേക്ക് കടത്തിവിടില്ല. തങ്ക അങ്കി ഘോഷയാത്ര ശരംകുത്തിയിൽ എത്തിയ ശേഷം മാത്രമേ പമ്പയിൽ നിന്നുള്ള പ്രവേശനം പുനരാരംഭിക്കൂ.
ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട തങ്ക അങ്കി ഘോഷയാത്ര ഇന്ന് വൈകുന്നേരം സന്നിധാനത്തെത്തും. ഉച്ചയ്ക്ക് മൂന്ന് മണിയോടെ പമ്പയിൽ നിന്ന് പുറപ്പെടുന്ന ഘോഷയാത്ര അഞ്ച് മണിയോടെ ശരംകുത്തിയിൽ എത്തിച്ചേരും. തിരുവിതാംകൂർ ചിത്തിര തിരുനാൾ മഹാരാജാവ് സമർപ്പിച്ച തങ്ക അങ്കി അയ്യപ്പന് ചാർത്തിയുള്ള മണ്ഡലപൂജയ്ക്കായി ശബരിമല സന്നിധാനം പൂർണ്ണമായും സജ്ജമായിക്കഴിഞ്ഞു. ഡിസംബർ 27-ന് രാവിലെയാണ് വിശേഷാൽ മണ്ഡലപൂജ നടക്കുക.



