കർണാടകയിലെ തന്ത്രപ്രധാന നാവിക ആസ്ഥാനങ്ങളിലൊന്നായ കർവാർ തീരത്ത് ചൈനീസ് ജിപിഎസ് ട്രാക്കർ ഘടിപ്പിച്ച കടൽക്കാക്കയെ കണ്ടെത്തി. രവീന്ദ്രനാഥ ടാഗോർ ബീച്ചിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ ഈ ദേശാടനപ്പക്ഷിയെ കോസ്റ്റൽ മറൈൻ പോലീസ് വനംവകുപ്പിന് കൈമാറി. പക്ഷിയുടെ ശരീരത്തിൽ സോളാർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ജിപിഎസ് ട്രാക്കറാണ് ഘടിപ്പിച്ചിരുന്നത്. ട്രാക്കറിനൊപ്പം ഒരു ഇമെയിൽ വിലാസവും, പക്ഷിയെ കണ്ടെത്തുന്നവർ ഈ വിലാസത്തിൽ ബന്ധപ്പെടണം എന്ന സന്ദേശവും ഉണ്ടായിരുന്നു.
പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ, ഈ ഉപകരണം ചൈനീസ് അക്കാദമി ഓഫ് സയൻസിലെ എക്കോ എൻവയോൺമെന്റ് സയൻസ് റിസർച്ച് സെന്ററിന്റേതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾക്കായി അധികൃതർ ഇമെയിൽ വഴി ചൈനീസ് ഗവേഷണ കേന്ദ്രത്തെ ബന്ധപ്പെടാൻ ശ്രമിക്കുകയാണ്.
ഇന്ത്യൻ തീരത്ത് ഇത്തരത്തിൽ ജിപിഎസ് ഘടിപ്പിച്ച പക്ഷി എത്തിയത് അസ്വാഭാവികമായതിനാൽ സുരക്ഷാ ഏജൻസികൾ അതീവ ഗൗരവത്തോടെയാണ് സംഭവത്തെ കാണുന്നത്. ദേശാടന പക്ഷികളുടെ സഞ്ചാരപഥത്തെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രീയ ഗവേഷണത്തിന്റെ ഭാഗമാണോ ഇതെന്നും അതല്ല മറ്റു ലക്ഷ്യങ്ങളുണ്ടോ എന്നും വിശദമായി പരിശോധിച്ചു വരികയാണെന്ന് ഉത്തര കന്നഡ എസ്പി ദീപൻ അറിയിച്ചു.



