കർണാടകയിലെ ശിവമൊഗയിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ വനിതാ എഎസ്ഐയുടെ അഞ്ചു പവൻ സ്വർണമാല മോഷണം പോയി. ശിവമൊഗ കോട്ടെ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ അമൃതയുടെ മാലയാണ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടയിലുണ്ടായ തിക്കിലും തിരക്കിലും നഷ്ടപ്പെട്ടത്. നാഷണൽ ഹെറാൾഡ് കേസിലെ ഇഡി നടപടിയിലും തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റത്തിലും പ്രതിഷേധിച്ച് ബിജെപി ഓഫീസിന് മുന്നിൽ നടന്ന സമരത്തിനിടെയായിരുന്നു സംഭവം.
സമരക്കാരായ സ്ത്രീകളെ നിയന്ത്രിക്കാൻ നിയോഗിക്കപ്പെട്ടതായിരുന്നു അമൃത. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകരെ ബലമായി പിടിച്ച് വാഹനത്തിൽ കയറ്റുന്നതിനിടെ ആരോ മാല പിടിച്ചുലയ്ക്കുകയായിരുന്നു എന്ന് അമൃത പറഞ്ഞു. മാല നഷ്ടപ്പെട്ട വിവരം അമൃത അറിയിച്ചതിനെ തുടർന്ന് സഹപ്രവർത്തകർ പ്രദേശം മുഴുവൻ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. സ്വർണം നഷ്ടപ്പെട്ട വിഷമത്തിൽ വികാരാധീനയായ അമൃതയെ സഹപ്രവർത്തകരും സ്ഥലത്തുണ്ടായിരുന്ന ചില കോൺഗ്രസ് പ്രവർത്തകരും ചേർന്ന് ആശ്വസിപ്പിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



