അമേരിക്കയിലെ കലിഫോർണിയയിൽ യാത്രക്കാരിയെ പീഡിപ്പിച്ച കേസിൽ ഇന്ത്യൻ വംശജനായ ടാക്സി ഡ്രൈവർ അറസ്റ്റിലായി. ബേക്കേഴ്സ്ഫീൽഡിൽ താമസിക്കുന്ന സിമ്രൻജിത് സിങ് സെഖോൻ (35) എന്നയാളെയാണ് വെഞ്ചുറ കൗണ്ടി ഷെരീഫ് ഓഫിസ് പിടികൂടിയത്. 21 വയസ്സുകാരിയായ യുവതിയെ പീഡിപ്പിച്ച കേസിലാണ് നടപടി. 2025 നവംബർ 27-ന് പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൗസന്റ് ഓക്സിലെ ബാറിൽ നിന്ന് വീട്ടിലേക്ക് പോകാനായി യുവതി സിമ്രൻജിത് ഓടിച്ചിരുന്ന ടാക്സിയിൽ കയറുകയായിരുന്നു.
മദ്യലഹരിയിലായിരുന്ന യുവതി യാത്രയ്ക്കിടെ കാറിൽ ഉറങ്ങിപ്പോയി. യുവതിയുടെ ലക്ഷ്യസ്ഥാനത്ത് എത്തിയപ്പോൾ സവാരി പൂർത്തിയായതായി അടയാളപ്പെടുത്തിയെങ്കിലും, അവരെ ഇറക്കിവിടുന്നതിന് പകരം ഉറങ്ങിക്കിടന്ന യുവതിയുമായി പ്രതി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ചുറ്റിക്കറങ്ങുകയും അബോധാവസ്ഥയിലായിരുന്ന യുവതിയെ പീഡിപ്പിക്കുകയുമായിരുന്നു എന്ന് പൊലീസ് കണ്ടെത്തി. മേജർ ക്രൈംസ് സെക്ഷ്വൽ അസോൾട്ട് യൂണിറ്റ് നടത്തിയ അന്വേഷണത്തിനൊടുവിൽ ഡിസംബർ 15-നാണ് ഇയാളെ പിടികൂടിയത്.
കോടതിയിൽ കുറ്റം നിഷേധിച്ച പ്രതി നിലവിൽ പ്രീ-ട്രയൽ ഡിറ്റൻഷൻ ഫെസിലിറ്റിയിലാണ്. 5 ലക്ഷം ഡോളർ ജാമ്യം നിശ്ചയിച്ചിട്ടുള്ള കേസ് ഡിസംബർ 29-ന് വീണ്ടും പരിഗണിക്കും. പ്രതി ഏത് കമ്പനിയിലെ ഡ്രൈവറാണെന്ന് വെളിപ്പെടുത്താത്ത പൊലീസ്, ഇയാൾ മുൻപും സമാനമായ രീതിയിൽ സ്ത്രീകളെ ഉപദ്രവിച്ചിട്ടുണ്ടാകാമെന്ന് സംശയിക്കുന്നുണ്ട്.



