ജിദ്ദയിൽ നിന്നും കരിപ്പൂരിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്തു. ലാൻഡിംഗ് ഗിയറിലെ തകരാർ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വിമാനം കൊച്ചിയിലേക്ക് തിരിച്ചുവിടുകയായിരുന്നു.
റൺവേയിൽ ഇറങ്ങുന്നതിനിടെ വിമാനത്തിന്റെ വലതുവശത്തെ രണ്ട് ടയറുകൾ പൊട്ടിത്തെറിച്ചെങ്കിലും പൈലറ്റിന്റെ സമയോചിതമായ ഇടപെടലിലൂടെ വൻ ദുരന്തം ഒഴിവായി.
വിമാനത്തിലുണ്ടായിരുന്ന 160 യാത്രക്കാരും സുരക്ഷിതരാണെന്നും ആർക്കും പരിക്കേറ്റിട്ടില്ലെന്നും അധികൃതർ അറിയിച്ചു. അടിയന്തര സാഹചര്യം കണക്കിലെടുത്ത് ഫയർഫോഴ്സും ആംബുലൻസുകളും റൺവേയ്ക്ക് സമീപം സജ്ജമാക്കിയിരുന്നു.



