വാഷിങ്ടൻ: അമേരിക്കയിലെയും കാനഡയിലെയും ക്രൈസ്തവ സഭകളുടെ സംയുക്ത സമിതിയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അമേരിക്കൻ ക്രിസ്ത്യൻ ഓർഗനൈസേഷൻസ് ഓഫ് നോർത്ത് അമേരിക്കയുടെ (ഫിയാക്കോന) സിൽവർ ജൂബിലി ക്രിസ്മസ് ആഘോഷം ഡിസംബർ 13-ന് ന്യൂയോർക്കിൽ വെച്ച് നടന്നു. വാലി സ്ട്രീമിലുള്ള ഗേറ്റ് വേ ക്രിസ്ത്യൻ സെന്ററിൽ വച്ചാണ് പരിപാടികൾ അരങ്ങേറിയത്.
മലങ്കര സിറിയൻ ക്നാനായ സഭയുടെ നോർത്ത് അമേരിക്കൻ റീജൻ മെത്രപ്പൊലീത്ത ബിഷപ് ഡോ. അയൂബ് മാർ സിൽവാനോസ് ആണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. റവ. ഫാദർ ഡോ. ജോൺസൻ തേക്കടയിൽ ചടങ്ങിൽ ക്രിസ്മസ് സന്ദേശം നൽകി. വിവിധ സഭകളെ പ്രതിനിധീകരിച്ചുള്ള വിശ്വാസികളും പുരോഹിതരും അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സംഘടനാ പ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു.
സംഘടനയുടെ 25 വർഷത്തെ പ്രവർത്തനങ്ങളിൽ നിർണ്ണായക പങ്ക് വഹിച്ച മുതിർന്ന നേതാക്കളായ കോശി ജോർജ്, ജോർജ് എബ്രഹാം, പാസ്റ്റർ ഇട്ടി ജേക്കബ്, റവ. വി.കെ മക്വാന, റവ. ജെത്വീന്ദർ ഗിൽ, തോമസ് മൊട്ടക്കൽ, ഡേവിഡ് ബാബു, പാസ്റ്റർ വിൽസൺ ജോസ്, റവ. സണ്ണി ഫിലിപ്പ്, റവ. സാം ജോഷ്വാ എന്നിവർക്ക് ബിഷപ് ഡോ. അയൂബ് മാർ സിൽവാനോസ് പുരസ്കാരങ്ങൾ സമ്മാനിച്ചു.



