സിഡ്നി: സിഡ്‌നിയിലെ ബോണ്ടി ബീച്ച് വെടിവയ്പ്പിലെ തോക്കുധാരികളിൽ ഒരാളായ സാജിദ് അക്രം ഹൈദരാബാദ് സ്വദേശിയാണ്. സാജിദും അദ്ദേഹത്തിന്റെ മകൻ നവീദ് അക്രവുമാണ് ആക്രമണത്തിന് പിന്നിൽ. 27 വർഷം മുൻപ് വിദ്യാർഥി വീസയിൽ ഹൈദരാബാദിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക് പോയതാണ് സാജിദ് അക്രം. ഹൈദരാബാദിൽ ബി. കോം. ബിരുദം പൂർത്തിയാക്കിയ അക്രം 1998 നവംബറിലാണ് ഓസ്ട്രേലിയയിലേക്ക് കുടിയേറിയത്. തുടർന്ന് യൂറോപ്യൻ വംശജയായ വെനേര ഗ്രോസോയെ വിവാഹം കഴിച്ച് ഓസ്‌ട്രേലിയയിൽ സ്ഥിരതാമസമാക്കി. ഈ ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്.
സാജിദ് അക്രത്തിന് ഇപ്പോഴും ഇന്ത്യൻ പാസ്പോർട്ടുണ്ട്. മകൻ നവീദ് അക്രവും മകളും ഓസ്‌ട്രേലിയയിലാണ് ജനിച്ചത്, ഇരുവരും ഓസ്‌ട്രേലിയൻ പൗരന്മാരാണ്. ഇന്ത്യയിലെ ബന്ധുക്കളിൽ നിന്ന് ലഭിച്ച വിവരങ്ങൾ അനുസരിച്ച്, കഴിഞ്ഞ 27 വർഷമായി ഹൈദരാബാദിലുള്ള കുടുംബവുമായി സാജിദ് അക്രത്തിന് പരിമിതമായ ബന്ധമേ ഉണ്ടായിരുന്നുള്ളൂ. ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ ശേഷം ആറു തവണ മാത്രമാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്. സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങൾ, പ്രായമായ മാതാപിതാക്കളെ സന്ദർശിക്കൽ തുടങ്ങിയ കുടുംബവിഷയങ്ങളിലായിരുന്നു സന്ദർശനങ്ങൾ. പിതാവിന്റെ മരണസമയത്ത് പോലും സാജിദ് ഇന്ത്യയിലേക്ക് എത്തിയിരുന്നില്ല.
ഓസ്ട്രേലിയയിലേക്ക് പോകുന്നതിനു മുൻപ് സാജിദിന്റെ പേരിൽ കേസോ സംശയാസ്പദനമായ സംഭവങ്ങളോ ഉണ്ടായിരുന്നില്ലെന്നാണ് തെലങ്കാന പോലീസ് പറയുന്നത്. സാജിദിനെ സംശയിക്കേണ്ട സാഹചര്യമുണ്ടായിരുന്നില്ലെന്നും അദ്ദേഹത്തിന്റെ തീവ്ര ചിന്താഗതികളെപ്പറ്റി അറിയില്ലെന്നുമാണ് ബന്ധുക്കൾ പറയുന്നത്. സിഡ്നിയിലെ ബോണ്ടി ബീച്ചിൽ ജൂത വിഭാഗക്കാരുടെ ഹനൂക്ക എന്ന ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയവർക്ക് നേരെയാണ് അക്രമികൾ വെടിയുതിർത്തത്. സംഭവം ഭീകരാക്രമണമാണെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. വെടിവയ്പിൽ മൂന്നാമതൊരാൾ കൂടി ഉൾപ്പെട്ടിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.



