കോട്ടയം: മുൻകൂർ ജാമ്യാപേക്ഷയിൽ വിധി വരാനിരിക്കെ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. ജഡ്ജിയമ്മാവൻ കോവിലിൽ സന്ദർശനം നടത്തി. ഇന്ന് വൈകിട്ടാണ് രാഹുൽ ദർശനം നടത്തിയത്. ബലാത്സംഗക്കേസുകളിലെ മുൻകൂർ ജാമ്യാപേക്ഷകളിൽ കോടതി നടപടികൾ നടക്കുന്നതിനിടെയാണ് രാഹുൽ ജഡ്ജിയമ്മാവൻ കോവിലിൽ എത്തിയത്. നിലവിൽ, രണ്ടാമത്തെ ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം നൽകിയതിനെതിരെ സർക്കാർ സമർപ്പിച്ച ഹർജി ക്രിസ്തുമസ് അവധിക്ക് ശേഷം പരിഗണിക്കാനായി മാറ്റിവെച്ചിരിക്കുകയാണ്. ഇന്ന് സിംഗിൾ ബെഞ്ച് കേസ് പരിഗണിച്ചയുടനെ വിശദമായ വാദം കേൾക്കണമെന്ന് രാഹുലിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു.
ആദ്യ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കാനായി ഹൈക്കോടതിയിലെ മറ്റൊരു ബെഞ്ച് മാറ്റിവെച്ചിരിക്കുകയാണ്. ഈ കേസിൽ രാഹുലിനെ തൽക്കാലത്തേക്ക് അറസ്റ്റുചെയ്യരുതെന്ന ഇടക്കാല ഉത്തരവ് തുടരും. കോട്ടയം പൊൻകുന്നം ചെറുവള്ളി ദേവീക്ഷേത്രത്തിലെ ജഡ്ജിയമ്മാവൻ കോവിൽ വളരെയധികം പ്രശസ്തമാണ്. കോടതി വ്യവഹാരങ്ങളിൽ ഏർപ്പെടുന്നവർ ഇവിടെ നീതി തേടി വഴിപാട് നടത്തിയാൽ അനുകൂലമായ വിധിയുണ്ടാകുമെന്നാണ് വിശ്വാസം. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ കാലയളവിൽ നടൻ ദിലീപ് പല തവണ ഇവിടെ എത്തിയിരുന്നു. ക്രിക്കറ്റ് കോഴ വിവാദത്തിൽ ശ്രീശാന്തും ഇവിടെ ദർശനം നടത്തിയിട്ടുണ്ട്.



