ന്യൂയോർക്ക്: 2025 ഡിസംബർ 7 ഞായറാഴ്ച ന്യൂയോർക്കിലെ യോങ്കേഴ്‌സിലുള്ള സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളിയിൽവച്ച് മാർ ഗ്രീഗോറിയോസ് ഓർത്തഡോൿസ് വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ (എം.ജി.ഒ.സി.എസ്.എം.) പൂർവ്വ വിദ്യാർത്ഥികൾ ഒത്തുകൂടി. മുംബൈ ഭദ്രാസനത്തിന്റെ മെത്രാപ്പോലീത്തയും എം.ജി.ഒ.സി.എസ്.എം.-ന്റെ മുൻ പ്രസിഡന്റുമായ ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത അധ്യക്ഷതവഹിച്ചു.
പ്രത്യേകിച്ച് ഏതോ ഒരു ദൈവവിളി കേട്ട് പുറപ്പെട്ടതല്ല, ദൈവഹിതമെങ്കിൽ ഓരോ അവസ്ഥയിലും അറിയാതെ എത്തിപ്പെടുകയാണ് ഉണ്ടാവുന്നതെന്ന് കൂറിലോസ് മെത്രാപ്പോലീത്ത പറഞ്ഞു. തൻ്റെ സഭാപ്രവർത്തനത്തിൽ എത്തിച്ചേരുവാൻ പലരുടെയും പ്രോത്സാഹനവും കരുതലും ഉണ്ടായിരുന്നു. ഏറ്റെടുത്ത ജോലിയിൽ എത്രയും മഹനീയമായ ശുശ്രൂഷ ചെയ്യുകയാണ് നമ്മുടെ ദൗത്യം എന്നും മെത്രാപ്പോലീത്ത ഓർമ്മിപ്പിച്ചു. ഫിലിപ്പോസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്തയുടെ സ്വപ്ന പദ്ധതികളിൽ എത്തപ്പെടുകയായിരുന്നു, അതാണ് വിദ്യാർത്ഥി പ്രസ്ഥാനവുമായി ഇടപഴകുവാനുള്ള സാഹചര്യം ഒരുക്കിയത്. മെത്രാപ്പോലീത്ത ആയതും മുംബൈ ഭദ്രാസനത്തിൽ അധ്യക്ഷ സ്ഥാനത്തു എത്തിയതും ആ ഒഴുക്കിന്റെ ഭാഗമായിരുന്നു. ഇപ്പോൾ മുംബൈയിൽ നിരവധി പ്രസ്ഥാനങ്ങൾ സഭയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. മാറിയ ബോംബെയുടെ വിശ്രുതിയിൽ സഭയും ആ മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് വളർന്നു. മുൻ കേന്ദ്ര ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ച ഫാദർ പി.സി. ചെറിയാന്റെ മഹത്തായ പ്രവർത്തനങ്ങളും മെത്രാപ്പോലീത്ത അനുസ്മരിച്ചു.
പ്രസ്ഥാനത്തിൻ്റെ മുൻ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ച ഫാദർ പി.സി. ചെറിയാൻ്റെ ഓർമ്മകൾ യോഗത്തിൽ അനുസ്മരിച്ചു. എഴുപതുകളിൽ അദ്ദേഹത്തോടൊപ്പം സ്റ്റുഡന്റ് സെക്രട്ടറിയായി പ്രവർത്തിച്ച കോരസൺ വർഗീസ് അനുസ്മരണപ്രസംഗം നിർവഹിച്ചു. മറ്റാരും കാണാത്ത സ്വപ്നങ്ങൾ കാണുകയും മറ്റാരും തിരയാത്ത മേഖലകൾ കോർത്തിണക്കുകയും ചെയ്ത മഹത്തായ ഒരു കാലഘട്ടമായിരുന്നു ഫാദർ പി.സി. ചെറിയാൻ കാലഘട്ടമെന്ന് കോരസൺ പറഞ്ഞു. സേവന ജീവിതവും വിശ്വാസ പാരമ്പര്യവുമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. അത് എന്നും ഓർക്കപ്പെടുകതന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യോങ്കേഴ്‌സ് സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളി വികാരി റവ. ഫാ. ജോബ്സൺ കോട്ടപ്പുറത്ത്, താൻ ഓർത്തഡോക്‌സ് യൂത്ത് ലീഗ് ജനറൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ച സമയത്തെ സ്വാധീനിച്ച അനുഭവങ്ങൾ പങ്കുവെച്ചു. എം.ജി.ഒ.സി.എസ്.എം. അലുമിനി അസോസിയേഷൻ ജോയിന്റ് സെക്രട്ടറി സജി പോത്തൻ സ്വാഗതം ചെയ്യുകയും 2016-ൽ ഔദ്യോഗികമായി രൂപീകരിച്ച സംഘടനയുടെ നാൾവഴികൾ വിശദീകരിക്കുകയും ചെയ്തു. എം.ജി.ഒ.സി.എസ്.എം. പൂർവ്വ വിദ്യാർത്ഥികളുടെ പശ്ചാത്തലം വിശദീകരിക്കുകയും യുവജന ശുശ്രൂഷ ആരംഭിക്കുന്നതിൽ പൂർവ്വ വിദ്യാർത്ഥികൾ എങ്ങനെ പ്രധാന പങ്കുവഹിച്ചുവെന്ന് സജി അനുസ്മരിച്ചു.
പരസ്പരം കൂട്ടായ്മയിൽ വളരുക, എം.ജി.ഒ.സി.എസ്.എം.-ൽ ഒരിക്കൽ സജീവമായിരുന്നവരെ സഭയുടെ മുഖ്യധാരയിലേക്ക് തിരികെ കൊണ്ടുവരാൻ സഹായിക്കുക, സഭയുടെ നന്മയ്ക്കായി ഗ്രൂപ്പിലെ ഒളിഞ്ഞിരിക്കുന്ന ഊർജ്ജം തിരിച്ചുകൊണ്ടുവരാൻ മറ്റുള്ളവർക്ക് ഒരു പാലമായി മാറുക എന്നീ പൂർവ്വ വിദ്യാർത്ഥികളുടെ മൂന്ന് ദർശനങ്ങളെക്കുറിച്ച് മുൻ സെക്രട്ടറി മാത്യു സാമുവൽ ഓർമ്മിപ്പിച്ചു. ഫിലിപ്പോസ് ഫിലിപ്പ് നന്ദി പറഞ്ഞു. എം.ജി.ഒ.സി.എസ്.എം. പൂർവ്വ വിദ്യാർത്ഥികളും മുതിർന്ന സുഹൃത്തുക്കളും എം.ജി.ഒ.സി.എസ്.എം., എഫ്.ഒ.സി.യു.എസ്. (FOCUS) അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു.



