രൂപയുടെ മൂല്യത്തിൽ റെക്കോഡ് ഇടിവ് രേഖപ്പെടുത്തി. യുഎസ് ഡോളറിനെതിരെ ഇതാദ്യമായി 90 രൂപയെന്ന നിർണായക നില മറികടന്നു. ബുധനാഴ്ച വ്യാപാരം ആരംഭിച്ചയുടനെ രൂപയുടെ മൂല്യം 90.14 എന്ന എക്കാലത്തെയും താഴ്ന്ന നിലവാരത്തിലെത്തി.
ഡോളറിന്റെ ഡിമാൻഡ് വർധിച്ചതും, വിപണിയിൽനിന്ന് വിദേശ നിക്ഷേപകർ പിൻവാങ്ങുന്നതും, ഇന്ത്യ-യുഎസ് വ്യാപാര ഇടപാടുകളിലെ അനിശ്ചിതത്വവുമാണ് ഈ തകർച്ചയുടെ പ്രധാന കാരണങ്ങൾ.
ഊഹക്കച്ചവടക്കാർ തുടർച്ചയായി ഡോളർ വാങ്ങിക്കൂട്ടുന്നതും രൂപയ്ക്ക് സമ്മർദം സൃഷ്ടിച്ചു. കഴിഞ്ഞ ദിവസത്തെ ക്ലോസിങ് ഡോളറിനെതിരെ 89.96 രൂപ നിലവാരത്തിലായിരുന്നു. തിങ്കളാഴ്ച ഇത് 89.53 രൂപയായിരുന്നു. ഈ തകർച്ചയ്ക്കിടയിലും, നീതി ആയോഗ് മുൻ വൈസ് ചെയർമാൻ രാജീവ് കുമാർ രൂപയുടെ മൂല്യത്തകർച്ച് സമ്പദ്വ്യവസ്ഥയ്ക്ക് ഗുണകരമാണെന്ന് അഭിപ്രായപ്പെടുന്നു. ഇത് കയറ്റുമതി വർധിപ്പിക്കാനും വിദേശനാണ്യ വരുമാനം കൂട്ടാനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സഹായിക്കുമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.



