ന്യൂയോർക്ക് : പ്രതിഭാധനരായ ഇന്ത്യാക്കാരെക്കൊണ്ട് വലിയ നേട്ടമുണ്ടാക്കിയ രാജ്യമാണ് അമേരിക്കയെന്ന് ഇലോൺ മസ്ക്. വിദേശത്തുനിന്നെത്തുന്നവർക്ക് പൗരത്വം നൽകുന്ന എച്ച് 1ബി വീസ നിർത്തലാക്കിയാൽ യുഎസിന് വലിയ തിരിച്ചടിയുണ്ടാകുമെന്നും ടെസ്‌ല സിഇഒ ആയ മസ്ക് ഒരു അഭിമുഖത്തിൽ പറഞ്ഞു. ജോലിക്കായുള്ള വീസ ചിലർ ദുരുപയോഗം ചെയ്തു എന്ന കാരണം എച്ച് 1ബി പൂർണ്ണമായി നിർത്തിവയ്ക്കുന്നതിന് ന്യായീകരണമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടാതെ, ജോ ബൈഡൻ സർക്കാരിന്റെ കാലത്ത് വൻതോതിൽ അനധികൃത കുടിയേറ്റക്കാർ രാജ്യത്തെത്തിയെന്നും ഒരു രംഗത്തും ബൈഡന് നിയന്ത്രണമുണ്ടായിരുന്നില്ലെന്നും മസ്ക് പറഞ്ഞു. നേരത്തെ, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സെപ്റ്റംബറിലാണ് വീസ നിയന്ത്രണം പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി എച്ച് 1 ബി വീസ നൽകുന്നത് വൻതോതിൽ വെട്ടിക്കുറയ്ക്കുകയും അപേക്ഷാ ഫീസ് ഒരു ലക്ഷം ഡോളറായി വർധിപ്പിക്കുകയും ചെയ്തിരുന്നു. ഈ പദ്ധതി ദുരുപയോഗപ്പെടുത്തുന്നു എന്നാരോപിച്ച് ചില കമ്പനികൾക്കെതിരെ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.



