അയോധ്യ: രാമക്ഷേത്ര നിർമ്മാണം പൂർത്തിയാക്കിയതിന്റെ പ്രതീകമായി പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിന്റെ പ്രധാന ഗോപുരത്തിൽ ധ്വജാരോഹണം (പതാക ഉയർത്തൽ) നിർവ്വഹിച്ചു. ചടങ്ങിൽ ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതും മറ്റ് പ്രമുഖരും പങ്കെടുത്തു. രാമക്ഷേത്ര നിർമ്മാണത്തിന്റെ പൂർത്തീകരണത്തെയും ക്ഷേത്രത്തിന്റെ പരമാധികാരത്തെയും സൂചിപ്പിക്കുന്നതാണ് ഈ ആചാരപരമായ ചടങ്ങ്. 191 അടി ഉയരത്തിലുള്ള ക്ഷേത്ര ഗോപുരത്തിലാണ് കാവി പതാക ഉയർത്തിയത്. പത്തടി ഉയരവും ഇരുപതടി നീളവുമുള്ള ത്രികോണാകൃതിയിലുള്ള പതാകയിൽ സൂര്യന്റെയും 'ഓം' ചിഹ്നത്തിന്റെയും കോവിദാര വൃക്ഷത്തിന്റെയും ചിത്രങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്.
രാം ലല്ലയുടെ വിഗ്രഹം പ്രതിഷ്ഠിച്ച പ്രാണപ്രതിഷ്ഠാ ചടങ്ങിന് ശേഷം, ക്ഷേത്രത്തിന്റെ വാസ്തുവിദ്യാപരമായ പൂർത്തീകരണം അടയാളപ്പെടുത്തുന്ന സുപ്രധാനമായ ആത്മീയ നിമിഷമായാണ് ധ്വജാരോഹണത്തെ കണക്കാക്കുന്നത്. കോടിക്കണക്കിന് രാമഭക്തരുടെ സ്വപ്നസാക്ഷാത്കാരമാണിതെന്നും നൂറ്റാണ്ടുകളുടെ മുറിവ് ഇന്ന് ഉണങ്ങുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. വ്യക്തിപരമായ താൽപ്പര്യങ്ങൾക്ക് മുകളിൽ രാജ്യതാൽപര്യത്തിന് പ്രാധാന്യം നൽകണമെന്നും ഓരോരുത്തരും ഉള്ളിലെ രാമനെ ഉണർത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെ നിരവധി വിശിഷ്ടാതിഥികൾ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിന് മുന്നോടിയായി പ്രധാനമന്ത്രി അയോധ്യയിൽ റോഡ് ഷോ നടത്തുകയും ക്ഷേത്ര സമുച്ചയത്തിലെ ഉപക്ഷേത്രങ്ങളിൽ പ്രാർത്ഥന നടത്തുകയും ചെയ്തിരുന്നു. ഈ ചടങ്ങിന്റെ പശ്ചാത്തലത്തിൽ അയോധ്യയിൽ വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു.



