D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ഡൽഹി സ്ഫോടനം: മുഖ്യ പ്രതി ഉമർ മുഹമ്മദിന്റെ പുൽവാമയിലെ വീട് തകർത്ത് സൈന്യം
രാജ്യത്ത് ഭീകര പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും അത്തരം പ്രവർത്തനങ്ങളെ പിന്തുണക്കുകയും ചെയ്യുന്നവർക്ക് ശക്തമായ സന്ദേശം നൽകുക എന്ന ലക്ഷ്യത്തോടെയാണ് നടപടിയെന്ന് സുരക്ഷാ ഏജൻസികൾ അറിയിച്ചു

ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപം നടന്ന കാർ സ്ഫോടനത്തിലെ മുഖ്യ സൂത്രധാരനും ചാവേറുമായി കരുതുന്ന ഡോ. ഉമർ മുഹമ്മദിൻ്റെ വീട് സുരക്ഷാ സേന തകർത്തു. ജമ്മു കശ്മീരിലെ പുൽവാമയിലുള്ള ഇയാളുടെ വീടാണ് വെള്ളിയാഴ്ച പുലർച്ചെ സുരക്ഷാ സേന സ്‌ഫോടകവസ്തുക്കൾ ഉപയോഗിച്ച് ഇടിച്ചുനിരത്തിയത്. രാജ്യത്ത് ഭീകര പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും അത്തരം പ്രവർത്തനങ്ങളെ പിന്തുണക്കുകയും ചെയ്യുന്നവർക്ക് ശക്തമായ സന്ദേശം നൽകുക എന്ന ലക്ഷ്യത്തോടെയാണ് നടപടിയെന്ന് സുരക്ഷാ ഏജൻസികൾ അറിയിച്ചു.

നവംബർ 10 ന് ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനത്തിൽ 13 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സ്ഫോടനത്തിൽ പൊട്ടിത്തെറിച്ച ഹ്യുണ്ടായി ഐ20 കാർ ഓടിച്ചിരുന്നത് ഡോ. ഉമർ മുഹമ്മദ് ആണെന്ന് ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. സ്ഫോടനത്തിൽ ചിതറിപ്പോയ ശരീരഭാഗങ്ങളും പുൽവാമയിൽ നിന്നും ശേഖരിച്ച ഉമറിന്റെ അമ്മയുടെ ഡിഎൻഎ സാമ്പിളുകളും തമ്മിൽ 100% പൊരുത്തമുണ്ടായതോടെയാണ് ഇയാളാണ് ചാവേർ ആക്രമണം നടത്തിയതെന്ന് അധികൃതർ ഉറപ്പിച്ചത്.

ജെയ്‌ഷെ മുഹമ്മദ് (ജെ.ഇ.എം) ഭീകരസംഘടനയുടെ 'വൈറ്റ് കോളർ' മൊഡ്യൂളിലെ പ്രധാനിയായിരുന്നു ഉമർ മുഹമ്മദ്. ഫരീദാബാദിൽ നടന്ന അറസ്റ്റുകളെ തുടർന്ന് മൊഡ്യൂൾ തകരുമെന്ന് ഭയന്നാണ് ഇയാൾ തിടുക്കത്തിൽ ചാവേർ ആക്രമണത്തിന് മുതിർന്നതെന്നാണ് അന്വേഷണ ഏജൻസികളുടെ നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് ഉമറുമായി അടുപ്പമുള്ള ഡോക്ടർമാർ ഉൾപ്പെടെ നിരവധി പേർ ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *