D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
‘ഡൽഹി സ്ഫോടനത്തിൽ പഴുതടച്ച അന്വേഷണം നടത്തും, എല്ലാ വശവും പരിശോധിക്കും’; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി: ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ വൻ സ്ഫോടനത്തെക്കുറിച്ച് പഴുതടച്ചതും സമഗ്രവുമായ അന്വേഷണം നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. സംഭവം ദൗർഭാഗ്യകരവും ഞെട്ടിക്കുന്നതുമാണെന്നും, സ്ഫോടനത്തിന്റെ എല്ലാ വശങ്ങളും വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു. ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം കാറിനുണ്ടായ സ്ഫോടനത്തിൽ ഒൻപത് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യതലസ്ഥാനത്തെ സുരക്ഷാ സംവിധാനങ്ങൾ വിലയിരുത്തുന്നതിനായി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്തതായും അമിത് ഷാ പറഞ്ഞു. ഡൽഹി പോലീസ് കമ്മീഷണറുമായും ഇന്റലിജൻസ് ബ്യൂറോ ഡയറക്ടറുമായും ചർച്ച നടത്തിയതായും അദ്ദേഹം അറിയിച്ചു."സ്ഫോടനത്തിന് പിന്നിൽ തീവ്രവാദ ബന്ധമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) അന്വേഷിക്കും. ഡൽഹി പോലീസ്, എൻ.എസ്.ജി., ഫോറൻസിക് വിദഗ്ധർ എന്നിവരടങ്ങുന്ന സംഘം സ്ഥലത്ത് വിശദമായ തെളിവെടുപ്പ് തുടരുകയാണ്," അമിത് ഷാ പറഞ്ഞു. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും, രാജ്യത്തെ മറ്റ് പ്രധാന നഗരങ്ങളിലും സുരക്ഷ ശക്തമാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മരിച്ചവരുടെ കുടുംബങ്ങൾക്ക് എല്ലാ സഹായവും നൽകുമെന്നും പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *