വാഷിങ്ടൻ: യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ വംശജനായ സംരംഭകൻ ബങ്കിം ബ്രഹ്‌മഭട്ട് 500 മില്യൺ ഡോളറിന്റെ (ഏകദേശം 4420 കോടി രൂപ) വായ്പാത്തട്ടിപ്പ് നടത്തിയതായി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. യുഎസിലെ ബ്രോഡ്ബാൻഡ് ടെലികോം, ബ്രിഡ്ജ് വോയിസ് എന്നീ സ്ഥാപനങ്ങളുടെ ഉടമയാണ് ഇദ്ദേഹം.ബ്ലാക്ക്‌റോക്കിന്റെ സ്വകാര്യ വായ്പാ വിഭാഗമായ എച്ച്പിഎസ് ഇൻവെസ്റ്റ്‌മെന്റ് പാർട്‌ണേഴ്‌സ് ഉൾപ്പെടെയുള്ള അമേരിക്കൻ വായ്പാദാതാക്കൾ ഈ തട്ടിപ്പിൽ കുടുങ്ങിയെന്നും, തുക തിരിച്ചുപിടിക്കാൻ ശ്രമങ്ങൾ നടത്തുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
വായ്പ നേടുന്നതിനായി ബ്രഹ്‌മഭട്ട് വ്യാജ ഉപഭോക്തൃ അക്കൗണ്ടുകളും അക്കൗണ്ട് റിസീവബിളുകളും (AR) സൃഷ്ടിച്ചതായാണ് പ്രധാന ആരോപണം. വായ്പാ കൊളാറ്ററലായി ഉപയോഗിക്കാൻ ഉദ്ദേശിച്ചിരുന്ന ഈ റിസീവബിളുകൾ വ്യാജമായി നിർമിച്ചതാണെന്നും റിപ്പോർട്ടിൽ പറയുന്നു. യുഎസിലെ വായ്പ നൽകുന്ന സ്ഥാപനങ്ങളിൽ നിന്ന് കോടിക്കണക്കിന് ഡോളർ തുക വായ്പയായി നേടുന്നതിന് ഇയാൾ ഈ വ്യാജ രേഖകൾ ഉപയോഗിച്ചതായാണ് ആരോപണം.



