വാഷിംഗ്ടൺ: പുതിയ ബോൾറൂം (നൃത്തശാല) നിർമ്മിക്കുന്നതിനായി വൈറ്റ് ഹൗസിൻ്റെ കിഴക്കേ ഭാഗത്തെ കെട്ടിടം (ഈസ്റ്റ് വിംഗ്) പൂർണമായും തകർത്തു. ഉപഗ്രഹ ചിത്രങ്ങൾ പ്രകാരം, ഒരുകാലത്ത് പ്രഥമ വനിതമാർ ഉപയോഗിച്ചിരുന്നതും പ്രശസ്തവുമായ ഈ കെട്ടിടം നിന്നിരുന്ന സ്ഥലത്ത് ഇപ്പോൾ അവശിഷ്ടങ്ങൾ കുന്നുകൂടി കിടക്കുകയാണ്. വൈറ്റ് ഹൗസിനേക്കാൾ വലിപ്പമുള്ള പുതിയ ബോൾറൂം 30 കോടി ഡോളർ (ഏകദേശം 2635 കോടി ഇന്ത്യൻ രൂപ) ചെലവിൽ നിർമ്മിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഈസ്റ്റ് വിംഗ് പൊളിച്ചുമാറ്റിയത്.
ഫ്രാങ്ക്ളിൻ ഡി. റൂസ്വെൽറ്റ് പ്രസിഡൻ്റായിരുന്ന കാലത്ത് (1933-45) പ്രഥമ വനിത എലീനർ റൂസ്വെൽറ്റ് അതിഥികളെ സ്വീകരിക്കാനായി ഉപയോഗിച്ചിരുന്ന ഈ രണ്ടുനില കെട്ടിടം, സന്ദർശകർക്കുള്ള പ്രധാന പ്രവേശന കവാടമായിരുന്നു. ഈ കവാടവും ഔദ്യോഗിക വിരുന്നുകൾക്കായി പ്രധാന കെട്ടിടത്തെ കിഴക്കേ ഭാഗവുമായി ബന്ധിപ്പിച്ചിരുന്ന തൂണുകളുള്ള ഇടനാഴിയും നീക്കം ചെയ്തിട്ടുണ്ട്. കൂടാതെ, ജാക്വലിൻ കെന്നഡിയുടെ പേരിലുള്ള പൂന്തോട്ടവും തകർത്തതായി ഉപഗ്രഹചിത്രങ്ങൾ സൂചിപ്പിക്കുന്നു. അതേസമയം, ഇതോടനുബന്ധിച്ചുള്ള ബങ്കർ നവീകരിക്കും.



