വാഷിങ്ടൻ: ദീർഘകാലത്തെ ഇടവേളയ്ക്ക് ശേഷം ചിക്കുൻഗുനിയ വൈറസ് അമേരിക്കൻ ഐക്യനാടുകളിൽ വീണ്ടും സ്ഥിരീകരിച്ചതോടെ ആശങ്ക പടരുകയാണ്. കൊതുകുകൾ വഴിയുള്ള പ്രാദേശിക രോഗവ്യാപനം യുഎസിൽ 10 വർഷത്തിന് ശേഷമാണ് വീണ്ടും റിപ്പോർട്ട് ചെയ്യുന്നത്. ന്യൂയോർക്കിൽ രോഗം പരത്തുന്ന 'ഈഡിസ് ആൽബോപിക്റ്റസ്' കൊതുകുകൾ ഉണ്ടെങ്കിലും, നിലവിലെ തണുത്ത കാലാവസ്ഥ കാരണം രോഗവ്യാപന സാധ്യത വളരെ കുറവാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. എങ്കിലും ലോകരാജ്യങ്ങൾ ജാഗ്രതയിലാണ്. ഈ പശ്ചാത്തലത്തിൽ, രോഗത്തിന്റെ വ്യാപനത്തെക്കുറിച്ചും പ്രതിരോധ മാർഗ്ഗങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾ പരിശോധിക്കാം.
ചിക്കുൻഗുനിയ വൈറസ് മൂലമുണ്ടാകുന്ന ഈ രോഗം, കടുത്ത പനിയും സന്ധിവേദനയുമാണ് പ്രധാനമായും ഉണ്ടാക്കുന്നത്. കഠിനമായ സന്ധിവേദന കാരണം ശരീരം വളഞ്ഞുപോകുന്ന അവസ്ഥയെ സൂചിപ്പിക്കുന്ന ആഫ്രിക്കൻ ഭാഷയിൽ നിന്നാണ് 'ചിക്കുൻഗുനിയ' എന്ന പേര് ലഭിച്ചത്. രോഗം ബാധിച്ച 'ഈഡിസ്' (Aedes) കൊതുകുകൾ വഴിയാണ് ഇത് പകരുന്നത്. യാത്രകളുമായി ബന്ധപ്പെട്ട് ഇന്ത്യ ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങളിൽ നിന്നും ഈ രോഗം റിപ്പോർട്ട് ചെയ്യാറുണ്ട്.



