അമേരിക്കയിലെ കാലിഫോർണിയയിൽ ഇന്ത്യൻ ടെക്കിയെ പോലീസ് വെടിവച്ചു കൊന്നു. തെലങ്കാന സ്വദേശിയായ 30 വയസ്സുകാരനായ മുഹമ്മദ് നിസാമുദ്ദീൻ എന്നയാളാണ് കൊല്ലപ്പെട്ടത്. റൂംമേറ്റുമായുള്ള വഴക്കിനെ തുടർന്നാണ് ഈ സംഭവം. മഹബൂബ്‌നഗർ സ്വദേശിയായ മുഹമ്മദ് നിസാമുദ്ദീൻ 2016 മുതൽ അമേരിക്കയിൽ താമസിച്ചുവരികയായിരുന്നു.
ഉന്നത പഠനത്തിനായി ഫ്ലോറിഡയിലേക്ക് താമസം മാറ്റിയ അദ്ദേഹം, എം.എസ് പൂർത്തിയാക്കിയ ശേഷം സോഫ്റ്റ്‌വെയർ എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു. സ്ഥാനക്കയറ്റം ലഭിച്ചതിന് ശേഷമാണ് ഇദ്ദേഹം കാലിഫോർണിയയിലേക്ക് താമസം മാറിയതെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. സെപ്റ്റംബർ 3 ന് മകന്റെ ഒരു സുഹൃത്ത് വഴിയാണ് നിസാമുദ്ദീന്റെ പിതാവ് മുഹമ്മദ് ഹസ്നുദ്ദീൻ ഈ വിവരം അറിഞ്ഞത്.
“ഇന്ന് രാവിലെ എന്റെ മകൻ സാന്താ ക്ലാര പോലീസിന്റെ വെടിയേറ്റ് മരിച്ചുവെന്നും, മൃതദേഹം കാലിഫോർണിയയിലെ സാന്താ ക്ലാരയിലുള്ള ആശുപത്രിയിലാണെന്നും ഞാൻ അറിഞ്ഞു. പോലീസ് എന്റെ മകനെ വെടിവെച്ചു കൊന്നതിന്റെ യഥാർത്ഥ കാരണം എനിക്കറിയില്ല.” മകന്റെ മൃതദേഹം മഹബൂബ് നഗറിലേക്ക് തിരികെ എത്തിക്കാൻ സഹായിക്കണമെന്ന് അദ്ദേഹം കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചു. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് അയച്ച കത്തിൽ അദ്ദേഹം ഇങ്ങനെയാണ് എഴുതിയത്.
സംഭവത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ വ്യക്തമല്ലെങ്കിലും, നിസാമുദ്ദീനും റൂംമേറ്റും തമ്മിലുള്ള വഴക്ക് ഒരു ചെറിയ കാര്യത്തെ ചൊല്ലിയായിരുന്നുവെന്ന് പിതാവ് ഹസ്നുദ്ദീൻ പറഞ്ഞു. എയർ കണ്ടീഷണറിനെക്കുറിച്ചുള്ള തർക്കം പിന്നീട് കത്തി ഉപയോഗിച്ചുള്ള ആക്രമണത്തിൽ കലാശിച്ചതായി ഒരു ബന്ധു എഎൻഐയോട് വ്യക്തമാക്കി. തുടർന്ന് അയൽവാസികൾ പോലീസിനെ അറിയിച്ചു.



