ഇന്ത്യൻ പൗരത്വ നിയമത്തിൽ കേന്ദ്ര സർക്കാർ മാറ്റങ്ങൾ വരുത്തി. പുതുക്കിയ നിയമം അനുസരിച്ച്, 2024 ഡിസംബർ 31-നോ അതിനു മുൻപോ പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തിയ മുസ്ലിം ഇതര മതവിഭാഗക്കാർക്ക് ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാം.
നേരത്തെ ഈ സമയപരിധി 2014 ആയിരുന്നു, അത് 2024 ഡിസംബർ 31 വരെയായാണ് ഇപ്പോൾ നീട്ടിയത്. ഇതിലൂടെ, മതപരമായ പീഡനം കാരണം ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യൻ എന്നീ വിഭാഗക്കാർക്ക് സാധുവായ യാത്രാരേഖകളില്ലാതെയും ഇവിടെ തുടരാൻ കഴിയും. പശ്ചിമ ബംഗാൾ, ബിഹാർ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ഈ നിർണായക തീരുമാനം.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച്, പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യൻ മതവിഭാഗങ്ങളിൽപ്പെട്ടവർക്ക് ഇനി സാധുവായ പാസ്പോർട്ടോ യാത്രാ രേഖകളോ ഇല്ലാതെ രാജ്യത്ത് താമസിക്കാം.
2019-ൽ പാസാക്കിയ പൗരത്വ ഭേദഗതി നിയമം (Citizenship Amendment Act - CAA) അനുസരിച്ച്, അയൽ രാജ്യങ്ങളിൽ മതപരമായ പീഡനം അനുഭവിക്കുന്ന ആറ് ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ട കുടിയേറ്റക്കാർക്ക് ഇന്ത്യയിൽ പൗരത്വത്തിനായി അപേക്ഷിക്കാം. പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാഴ്സി, ക്രിസ്ത്യൻ മതവിഭാഗങ്ങളിലുള്ളവർക്കാണ് ഈ നിയമപ്രകാരം പൗരത്വം ലഭിക്കുക.



