എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയാണെന്ന റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു. അംഗങ്ങൾക്ക് സഭയിൽ പങ്കെടുക്കുന്നതിൽ തടസ്സമില്ലെന്നും രാഹുലിനെതിരെ പ്രതിഷേധം ഉണ്ടാകുമോ എന്ന കാര്യം തനിക്ക് പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം എംഎൽഎ മുകേഷിന്റെ വിഷയവും രാഹുൽ മാങ്കൂട്ടത്തിൻ്റെ വിഷയവും താരതമ്യം ചെയ്യാനാകില്ലെന്ന് ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് പറഞ്ഞു. നിയമസഭയിൽ ഈ വിഷയം ഉയർത്തി കോൺഗ്രസിന് പ്രതിരോധം തീർക്കാനാകില്ലെന്നും രാഹുൽ മാങ്കൂട്ടത്തിനെതിരെ സഭയ്ക്കകത്തും പുറത്തും ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു ബന്ധത്തിലെ പ്രശ്നമായി മുകേഷിൻ്റെ വിഷയത്തെയും രാഹുൽ മാങ്കൂട്ടത്തിൻ്റെ വിഷയത്തെയും താരതമ്യം ചെയ്യേണ്ടതില്ലെന്ന് വി.കെ. സനോജ് പറഞ്ഞു. നിരവധി പെൺകുട്ടികൾ ഗർഭഛിദ്രത്തിന് വിധേയരായെന്ന് അവർ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഗർഭഛിദ്രം നടത്തിയില്ലെങ്കിൽ കൊല്ലുമെന്ന ഭീഷണി സന്ദേശവും പുറത്തുവന്നിട്ടുണ്ട്.
കോൺഗ്രസോ യു.ഡി.എഫിലെ മറ്റ് പാർട്ടികളോ എത്ര വലിയ പ്രസ്താവനകൾ പുറത്തിറക്കിയാലും, രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ പോകുന്നതും പൊതുപരിപാടികളിൽ പങ്കെടുക്കുന്നതും കേരളത്തിലെ ജനങ്ങൾ ശക്തമായി ചെറുക്കുമെന്നും വി.കെ. സനോജ് കൂട്ടിച്ചേർത്തു.



