D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
നടി ലക്ഷ്മി മേനോന് താൽക്കാലിക ആശ്വാസം; ഐടി ജീവനക്കാരനെ മർദ്ദിച്ചെന്ന കേസിൽ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
തനിക്കെതിരെയുള്ള ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്ന് ലക്ഷ്മി മേനോൻ മുൻകൂർ ജാമ്യഹർജിയിൽ ആരോപിക്കുന്നു.

ബാറിൽ വെച്ചുണ്ടായ തർക്കത്തെ തുടർന്ന് ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ പ്രതിയായ നടി ലക്ഷ്മി മേനോൻ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. നടി ഒളിവിലാണെങ്കിലും, ലക്ഷ്മി മേനോൻ്റെ അറസ്റ്റ് ഹൈക്കോടതി താൽക്കാലികമായി തടഞ്ഞിട്ടുണ്ട്. ഓണത്തിന് ശേഷം കേസ് വീണ്ടും പരിഗണിക്കും. നടിയുടെ കൂടെയുണ്ടായിരുന്ന മിഥുൻ, അനീഷ് എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവർക്കൊപ്പം മറ്റൊരു സ്ത്രീ സുഹൃത്തും ഉണ്ടായിരുന്നു.

അതേസമയം തനിക്കെതിരെയുള്ള ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്ന് ലക്ഷ്മി മേനോൻ മുൻകൂർ ജാമ്യഹർജിയിൽ ആരോപിക്കുന്നു. പരാതിക്കാരനായ ഐടി ജീവനക്കാരൻ ബാറിൽ വെച്ച് തന്നെ അസഭ്യം പറയുകയും ലൈംഗികമായി അധിക്ഷേപിക്കുകയും ചെയ്തു. ബാറിൽ നിന്ന് ഇറങ്ങിയ ശേഷവും ഇയാൾ കാറിൽ പിന്തുടർന്ന് ബിയർ കുപ്പികൊണ്ട് ആക്രമിക്കാൻ ശ്രമിച്ചതായും ആരോപണം. കൂടാതെ ഈ സംഭവവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും താൻ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും നടി ഹർജിയിൽ പറയുന്നു.

കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊച്ചിയിലെ ഒരു ബാറിൽ വെച്ച് ഐടി ജീവനക്കാരനും നടിയും സുഹൃത്തുക്കളുമായി തർക്കമുണ്ടായി. തർക്കം രൂക്ഷമായതോടെ, രാത്രി 11:45-ഓടെ നോർത്ത് പാലത്തിൽ വെച്ച് കാർ തടഞ്ഞ് യുവാവിനെ വലിച്ചിറക്കി കാറിൽ കയറ്റിക്കൊണ്ടുപോയെന്ന് പോലീസ് എഫ്ഐആറിൽ പറയുന്നു. കാറിനുള്ളിൽ വെച്ച് മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും, പിന്നീട് ആലുവ പറവൂർ കവലയിൽ ഇറക്കിവിട്ടെന്നും യുവാവ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങൾ വഴിയാണ് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. കേസിൽ ഇരുവിഭാഗത്തിന്റെയും വാദങ്ങൾ കേട്ട ശേഷമേ കോടതി തുടർനടപടികളിലേക്ക് നീങ്ങുകയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *